25/02/2012

അഹം

വര വീണ കടലാസ്സില്‍
എണ്ണയിട്ടു നോക്കിയാലും
ഞരമ്പോടിയ ഇലയില്‍
മഷിയിട്ടു നോക്കിയാലും
അക്ഷരങ്ങള്‍ ചിതറി വീണ
കീബോര്‍ഡില്‍ വിരലമര്‍ത്തിയാലും 
സുഹൃത്തേ,
നിനക്കെന്നെ കാണാനാവില്ല
കാരണം; എന്നെ നീ
നിന്നില്‍ തിരയുന്നില്ല 

വിട

ഈ സായംസന്ധ്യയില്‍ 
ഒരു നുള്ള് സിന്ദൂരവുമായി
ആകാശത്തിന്റെ
നെറ്റിത്തടത്തിലെക്ക് നീ
ഇറങ്ങിപ്പോയില്ലേ...........
ഞാനും പോകുകയാണ്
പിത്രുക്കളുറങ്ങുന്ന മണ്ണിന്റെ
മണവും പൊടിയും താണ്ടി
വേരുകളിലൂടൂര്‍ന്ന്‍ 
ഞാനും പോകയാണ്.


24/02/2012

പുതുമ

രക്തത്തിൽ തൊട്ട്
അവൻ ചൊല്ലി
ഞാൻ നിന്നെ പ്രണയിക്കുന്നു.
മൂർദ്ധാവിൽ തൊട്ട്
അവളും ഏറ്റുപറഞ്ഞു!
പക്ഷേ, ഇന്നലെ
പുതിയ പൂവിരിഞ്ഞപ്പോൾ
ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു
അപ്പഴും ആരോ
വെറുതെ മൂളുന്നുണ്ടായിരുന്നു
"മാംസനിബദ്ധമല്ല രാഗം"

23/02/2012

മഴ

വേനല്‍ക്കാലങ്ങളില്‍ 
ഓര്‍മ്മകളും സ്വപ്നങ്ങളും
കാര്‍മേഘമായ് 
മനസ്സില്‍ ഉരുണ്ടു കൂടി-
വേനല്‍മഴയായ്
പെയ്യാറുണ്ടായിരുന്നു.
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് 
അവ ആഴത്തിലാണ്ടിറങ്ങിപ്പോയി
നനുത്ത മണ്ണിന്റെ മണം....!
ഇന്നവ പെയ്യാറില്ല
കർക്കിടകത്തിൽ പോലും
എന്തേ...?
ജീവിതത്തിന്റെ 
തിരക്കിൽ ഞാനും..!






വര

വര

കുഞ്ഞുറുമ്പുകള്‍ നടന്നത് 
വരക്കാതെ  പോയ 
ഒരു വലിയ വരയിലൂടെ...

പിന്നീട്, 
കറുത്ത വാക്കുകള്‍ കൊരുത്തുവെച്ചതും 
ഒരു നൂല്‍ വരയിലൂടെ...

ഒടുവില്‍ 
രണ്ട് ഹൃദയങ്ങള്‍ ഒന്നാവുന്നതും
ഒരേയൊരു മഞ്ഞ വരയിലൂടെ..

ചില വരകള്‍ 
അശുദ്ധമായ തലവരകളെ 
മായ്ച്ചു കളയുന്നു.

പുറത്താക്കപ്പെടുന്ന വരകള്‍
വരകളിലൂടെ വഴിവെട്ടി
പുതിയ വരകള്‍ വരയ്ക്കുന്നു.


22/02/2012

ഗർഭപാത്രം

നക്ഷത്രങ്ങള്‍ക്ക് ചൂണ്ടയിട്ടിരിക്കുന്ന കണ്ണുകളിലും
കറുപ്പിന്റെ ഒരു ചെറിയ ചക്രമുണ്ടായിരുന്നു...
നിലാവിനെ ഊറിക്കുടിച്ചുറങ്ങുന്ന ചുണ്ടുകളിലെവിടെയും
 വറ്റാത്ത ദാഹത്തിന്റെ ആകാശഗംഗയുണ്ടായിരുന്നു.

ആകാശം വീണുകിടക്കുന്ന ഭൂമിയിലേക്കിങ്ങനെ
യാത്ര ചെയ്യുമ്പോള്‍ 
മുറിയന്‍ പുല്ലുകള്‍ വകഞ്ഞു മാറ്റുമ്പോള്‍ 
പുഴക്കര ഈര്‍പ്പത്തിലെവിടെയോ
വിരിയാന്‍ വെമ്പി നില്‍ക്കുന്ന പാമ്പിന്‍ മുട്ടകള്‍ കാണാം.

യാത്രകളുടെ ഒടുക്കം ഇവിടമാണ്
 ഇനിയല്പം വിശ്രമം.
പുതിയ ജീവന്‍ തുടിച്ചു തുടങ്ങട്ടെ.
ഇനിയത് യാത്ര തുടങ്ങട്ടെ.